മാവോയിസ്റ്റ് കേസ് ; പിണറായിയേയും പി.ജയരാജനേയും തള്ളി പി. മോഹനന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും എസ്.എഫ്.ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാണെന്ന സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ പ്രസ്താവന തള്ളിയ പി. മോഹനന്‍ അലന്‍ താഹ വിഷയത്തില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും അലനും താഹയ്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പറയുന്നു.

അവരുടെ ഭാഗം കേട്ടിട്ടേ മാവോയിസ്റ്റുകള്‍ എന്ന് പറയാന്‍ പറ്റൂ. മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്ന് പരിശോധിക്കുകയാണ്. അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തുവരാനാണ് ആഗ്രഹം. യു.എ.പി.എയോട് ഇപ്പോഴും താന്‍ എതിരാണെന്നും പി. മോഹനന്‍ പറഞ്ഞു.

യു.എ.പി.എ ചുമത്തുന്നതിനോട് ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കോ സി.പി.ഐ.എമ്മിനോ യോജിപ്പില്ല. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ഒരു സംവിധാനവും ഇല്ല. കുട്ടികളുടെ ഭാഗം കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജന്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനന്‍ വ്യക്തമാക്കി.

ഇരുവരും മാവോയിസത്തിന്റെ സ്വാധീനത്തില്‍ പെട്ട് പോയിട്ടുണ്ടെങ്കില്‍ തന്നെ തിരുത്തി എടുക്കാനായിരിക്കും സിപിഎം ശ്രമിക്കുകയെന്നും പി മോഹനന്‍ പറഞ്ഞു. ?അവരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അലനും താഹയ്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന്‍ അറിയിച്ചു.

അതേസമയം അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിയെക്കൂടി തള്ളുന്നതായിരുന്നു പി മോഹനന്റെ പ്രതികരണം. സര്‍ക്കാര്‍ അവരുടെ തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോഹനന്‍ പറഞ്ഞു. തുടക്കം മുതല്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാടായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. എന്നാല്‍ ഇരുവരും മാവോയിസ്റ്റുകളാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിടക്കം സ്വീകരിച്ചത്.

അലനും താഹയും സി.പി.ഐ.എമ്മിന്റേയും എസ്.എഫ്.ഐയുടെയും മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയെന്നാണ് തങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയതെന്നും ഇരുവര്‍ക്കുമെതിരെ എന്‍.ഐ.എ കേസെടുത്തത് വെറുതെയല്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ജയരാജന്റെ പ്രസ്താവനക്കെതിരെ അലന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

അലനും കുടുംബവും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും ആ രാഷ്ട്രീയ ജീവിതത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അലന്റെ അമ്മ സബിത പറഞ്ഞിരുന്നു. അതേസമയം വിഷയത്തില്‍ യു ഡി എഫ് പരസ്യമായി ഇടപെടല്‍ നടത്തുന്നതിനു പിന്നാലെയാണ് പി മോഹനന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും തഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.