കളിയിക്കാവിള : കൊല നടത്താന്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്

കളിയിക്കാവിളയില്‍ ചെക്കുപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തരം തോക്കാണെന്ന് ക്യൂബ്രാഞ്ച്.
പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തപ്പോള്‍ ആണ് ഇറ്റാലിയന്‍ നിര്‍മിത തോക്കാണ് ഇവര്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചത് എന്ന് മനസിലാകുന്നത്. ഇത് സൈന്യം ഉപയോഗിക്കുന്ന ഗണത്തില്‍ പെട്ട തോക്കാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യം ഉപയോഗിക്കുന്ന ഗണത്തിലുള്ള തോക്ക് എങ്ങനെ തീവ്രവാദ സംഘത്തിലേക്ക് എത്തി എന്നതാണ് തമിഴ് നാട് ക്യു ബ്രാഞ്ചിനെ കുഴയ്ക്കുന്ന ചോദ്യം.

പ്രതികളുടേത് തീവ്രവാദ സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം ഈ സംഘടനക്ക് ഐ എസ് അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സൈന്യം ഉപയോഗിക്കുന്ന ഗണത്തില്‍ പെട്ട തോക്ക് ഉപയോഗിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയെന്നത് കേസില്‍ മറ്റൊരു വഴിത്തിരിവ് കൂടി സൃഷ്ടിക്കുകയാണ്. സൈന്യത്തിലെ ആര്‍ക്കെങ്കിലും ഈ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്നും ഒപ്പം മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയാണോ ഈ തോക്ക് കൈക്കലാക്കിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എറണാകുളത്ത് നിന്നാണ് തോക്ക് കണ്ടെടുത്തത്. അതീവ രഹസ്യമായി മറ്റ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്ലാതെ ഒരു ബസ്സിലാണ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്നും തോക്ക് കണ്ടെടുക്കുകയായിരുന്നു. അതേസമയം പ്രതികളുടെ സംഘടനക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്ന സംഘത്തെ കേന്ദ്രീകരിച്ചുള്ള എന്‍ ഐ എയുടെ അന്വേഷണവും ഊര്‍ജിതമാണ്. കഴിഞ്ഞ ദിവസം ഈ സംഘത്തിലെ 9 പേരെ തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.