ഷെയര്‍ ചാറ്റ് വഴി അന്‍പതോളം പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച യുവാവ് പിടിയില്‍

ഷെയര്‍ചാറ്റ് വഴി പെണ്‍കുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ കൊയ്യം സ്വദേശി എ വി അബ്ദുല്‍ വാഹിദാണ് പോലീസ് പിടിയിലായത്. ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തിരിക്കുന്നതിനിടെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഇയ്യാള്‍ ഇപ്പോള്‍ പിടിയിലായത്. കഴിഞ്ഞ 20-നാണ് പെണ്‍കുട്ടിയെ കൊളത്തൂരിലെ റബ്ബര്‍ തോട്ടത്തിലെത്തിച്ച് വാഹിദ് പീഡിപ്പിച്ചത്. .

ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പോലീസ് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസി മെക്കാനിക്കായ അബ്ദുള്‍ വാഹിദിന്റെ വലയില്‍ 46 പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. എട്ടാം ക്ലാസ് മുതലുള്ള കുട്ടികളുമായി നിരന്തരം ചാറ്റ് ചെയ്യുകയും പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി പോലീസ് സംശയിക്കുന്നു.

ചില പെണ്‍കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലീസ് കണ്ടെത്തി. ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അശ്ലീലദൃശ്യങ്ങള്‍ ഇയാള്‍ അയച്ചു നല്‍കുന്നതായും മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.