കാട്ടാക്കടയില്‍ യുവാവിനെ ഗുണ്ടകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂ ഉടമയെ ഗുണ്ടകള്‍ തലയ്ക്കടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് സമീപം അമ്പലത്തിന്‍കാലയാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞിരംവിള സ്വദേശി സംഗീത് ആണ് കൊല്ലപ്പെട്ടത്.

സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. സ്ഥലത്തു നിന്ന് ഫോറസ്റ്റുകാര്‍ക്ക് മണ്ണെടുക്കാന്‍ സംഗീത് അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികള്‍ സംഗീതിന്റെ പറമ്പില്‍ മണ്ണെടുക്കാനെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ നാല് പ്രതികളാണ് ഉള്ളത്. ഇതില്‍ ഒളിവില്‍ പോയ മറ്റ് മൂന്നു പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.