കൊറോണ വൈറസ് ചൈനയില്‍ സമ്പര്‍ക്ക വിലക്ക് ; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ക്കാണ് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു. വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്.
അതുപോലെ ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴ് നഗരങ്ങളിലായി സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവല്‍സരാഘോഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച ഉത്തരവിട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാന്‍ ജിയാങ്ങിലും നിയന്ത്രണമേര്‍പ്പെടുത്തിയത്.
അതേസമയം, ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് ഭരണകൂടം കടന്നത്.
അതിനിടെ കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍ ആണ്. ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ നിലവില്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്. ചൈനയില്‍ ഇതുവരെ 830 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈന കൂടാതെ അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്ലന്‍ഡ്, ദക്ഷിണകൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.