ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും അയല്‍വാസിയും പിടിയില്‍
ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കാസര്‍ഗോഡ് കേദംപാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും അയല്‍വാസി മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്.
പതിനായിരം രൂപയ്ക്കാണ് ഇസ്മയിലിനെ കൊലപെടുത്താന്‍ ആയിഷ ക്വട്ടേഷന്‍ നല്‍കിയത്. ഇസ്മയിലിന്റെ നിരന്തര ശാരീരിക പീഡനമാണ് ക്വട്ടേഷന്‍ നല്‍കിയതിന് കാരണമായി ആയിഷ പറയുന്നത്. അതുപോലെ ആയിഷയും ഹനീഫയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും പറയപ്പെടുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേശ്വരം നെറ്റില പദവിലെ വീട്ടില്‍ ഇസ്മയിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതില്‍ കൊലപാതകമാണെന്ന് വ്യക്തമായി. അന്വേഷണത്തിലാണ് ഭാര്യ ആയിഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടത്. ആയിഷയെ ചോദ്യം ചെയ്തതില്‍ നിന്നും അയല്‍വാസിയായ ഹനീഫ വഴി നല്‍കിയ ക്വട്ടേഷനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ബോധ്യപ്പെട്ടു.
ഉറങ്ങികിടന്ന ഇസ്മായിലിനെ ആയിഷയുടെ സഹായത്തോടെ ജനുവരി 19ന് രാത്രി വീട്ടിനകത്ത് കയറിയ സംഘം കഴുത്തില്‍ കയറു കുടുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വാടകക്കൊലയാളികളായ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.