ഇന്ത്യന്‍ സര്‍ക്കാരിനു തിരിച്ചടി ; സി.എ.എയ്ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോക രാജ്യങ്ങളും രംഗത്ത്. നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന മോദി സര്‍ക്കാറിന് തിരിച്ചടിയാകുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. സി.എ.എക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. അടുത്തയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം.
26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള എസ് ആന്‍ഡ് ഡി ഗ്രൂപ്പ് എന്നറിയപ്പെടുന്ന ജനപ്രതിനിധികളാണ് മോദി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത്. സമത്വം, വൈവിധ്യം, നീതി എന്നീ ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് എസ് ആന്‍ഡ് ഡി ഗ്രൂപ്പിന്റെ ലക്ഷ്യം.
സി.എ.എ വിവേചനപരവും അപകടകരമായ രീതിയില്‍ വിഭജനപരവുമാണെന്ന് പറയുന്ന പ്രമേയത്തില്‍, അന്താരാഷ്ട്ര സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ് നിയമമെന്നും കുറ്റപ്പെടുത്തുന്നു. യൂണിയനിലെ 154 ജനപ്രതിനിധികളാണ് പ്രമേയം കൊണ്ടുവരുന്നത്. പ്രമേയത്തിന്റെ അഞ്ചു പേജ് വരുന്ന കരട് തയ്യാറായതായി റിപ്പോര്‍ട്ടുണ്ട്.