ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: മോദിക്ക് അമിത പ്രാധ്യാന്യം കൊടുക്കേണ്ട എന്ന് ബി ജെ പി

നരേന്ദ്രമോദി പ്രഭാവം ബിജെപിയില്‍ മങ്ങിത്തുടങ്ങിയോ… വരാന്‍ പോകുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണം കണ്ടാല്‍ അത്തരമൊരു സംശയം തോന്നുക സ്വാഭാവികം മാത്രമെന്നാണ്‌നിരീക്ഷകര്‍ വിലയിരുത്തുന്നത്.

രാജ്യത്തെവിടെയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റാലികളില്‍ പങ്കെടുക്കാറുള്ള പ്രധാനമന്ത്രി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ 2 റാലികളില്‍ മാത്രമാണ് പങ്കെടുക്കുന്നത്.
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് ബിജെപി മുന്നോട്ടുനീങ്ങുകയാണെങ്കിലും പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് വേദികളില്‍ കാണാനില്ല. അതായത് പ്രധാനമന്ത്രിയ്ക്ക് അമിതപ്രാധാന്യം നല്‍കി പ്രചാരണം വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2 റാലികളില്‍ മാത്രമേ പ്രധാനമന്ത്രി പങ്കെടുക്കുകയുള്ളൂ. ആദ്യത്തെ റാലി ഫെബ്രുവരി ആദ്യ ആഴ്ചയില്‍തന്നെയുണ്ടാകും. എന്നാല്‍ രണ്ടാമത്തെ റാലി നടക്കുക പ്രചാരണം അവസാനിക്കുന്ന ഫെബ്രുവരി ആറിനാണ്. എന്നാല്‍, ഒന്നാമത്തെ റാലി നടക്കുന്ന തിയതിയോ വേദിയോ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതാണ് വാസ്തവം.

അതേസമയം, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങാനിരിക്കേ പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് സമ്മര്‍ദ്ദം നല്‍കാതിരിക്കാനാണ് റാലികള്‍ കുറച്ചതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫെബ്രുവരി ഒന്നിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം.

എന്നാല്‍, മറ്റൊരു സൂചനകൂടി പുറത്തു വരുന്നുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടി വീണ്ടും അധികാരം പിടിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെയാണ് പ്രധാനമന്ത്രിയെ പ്രചാരണങ്ങളില്‍ നിന്നും മാറ്റിയതെന്ന സൂചനയുമുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ പ്രതിപക്ഷം വീണ്ടും മോദിക്കെതിരേ വാളോങ്ങുന്നത് ഒഴിവാക്കാനും ഇതുവഴി കഴിയുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുവെന്നാണ് സൂചന.