പ്രളയ ദുരിതാശ്വാസ തുക ചെലവഴിച്ചില്ലെന്ന കേന്ദ്രവാദം തെറ്റ് എന്ന് കേരളം
മഹാപ്രളയത്തിനുള്ള ദുരിതാശ്വാസമായി അനുവദിച്ച തുകയില്‍ കേരളം പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് കണക്കുകളുമായി റവന്യു വകുപ്പ്. 2018 ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിനു ദുരിതാശ്വാസമായി കേന്ദ്രം നല്‍കിയ നല്‍കിയ 3004.85 കോടിയില്‍ 2344.80 കോടി രൂപ ചെലവഴിച്ചതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു സമര്‍പ്പിച്ചു. 2018-ലെ പ്രളയസമയത്ത് അടിയന്തരമായി 100 കോടി രൂപയാണ് അനുവദിച്ചത്. പിന്നീട് അധികസഹായമായി 2904.85 കോടികൂടി കേന്ദ്രം കേരളത്തിന് അനുവദിച്ചു. 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാരിനോട് കേരളം ചോദിച്ചിരുന്നത്.
പ്രളയദുരിതാശ്വാസമായി 2019 മാര്‍ച്ച് 31 വരെ 1317.64 കോടിയാണു ചെലവഴിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതുവരെ 1027.16 കോടിയും ചെലവിട്ടു. രണ്ടു സാമ്പത്തികവര്‍ഷത്തെ ചെലവും കണക്കാക്കുമ്പോള്‍ 2344.80 കോടി രൂപയാണ് ചെലവായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് 1141.81 കോടി ഇനി കൊടുത്തുതീര്‍ക്കണം. ജലസേചനസംവിധാനങ്ങളുടെ പുനര്‍നിര്‍മാണത്തിന് 536.7 കോടി, വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി 200 കോടി, പ്രളയസമയത്ത് കേരളത്തിനു നല്‍കിയ അരിയുടെ വിലയായി 204 കോടി, റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നല്‍കിയ ഇനത്തില്‍ 201.11 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യതകളുള്ളത്.
2019ല്‍ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അനുവദിച്ചിരുന്നു. ഈ പട്ടികയില്‍ നിന്നാണ് കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാദവുമായി രംഗത്ത് എത്തിയത്.