ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദ് സിറ്റി പൊലീസ് ആണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആസാദ് പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടിയാണ് നടപടിയെടുത്തത്.

പ്രക്ഷോഭത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ മെഹ്ദിപ്പട്ടണത്തിലെ ക്രിസ്റ്റല്‍ ഗാര്‍ഡനിലെ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ആസാദ്. ആള്‍ ഇന്ത്യ ദളിത്-മുസ്ലിം-ആദിവാസി പ്രോഗ്രസീവ് ഫ്രണ്ടിന്റെ ഒരു പരിപാടിയിലും ഇന്ന് സംവദിക്കേണ്ടതായിരുന്നു ഇദ്ദേഹം.

നേരത്തെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നപ്പോഴും ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ആണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.