ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു

കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ നീളുന്ന ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. ഈ മനുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ഭരണഘടന വായിച്ചുകൊണ്ടായിരുന്നു തുടക്കം. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല നീളുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേര്‍ന്നു.

കലാ-സാംസ്‌ക്കാരിക-സാമൂഹി-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സിപിഐഎം മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്. മനുഷ്യ മഹാശൃംഖലയില്‍ സിപിഐഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും. കളിയിക്കാവിളയില്‍ എംഎ ബേബിയാകും ശൃംഖലയിലെ അവസാന കണ്ണി.