അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി എതിരന്‍ കതിരവന്‍ കേരളം സാഹിത്യ അക്കാദമി പുരസ്കാരം
അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്കാരാം അമേരിക്കന്‍ മണ്ണിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ചിക്കാഗോയില്‍ സ്ഥിരതാമസക്കാരനായ എതിരന്‍ കതിരവന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിലൂടെയാണ് ഉപന്യാസ വിഭാഗത്തിലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അമേരിക്കയിലേക്ക് എത്തുന്നത്. ചെറിയാന് കെ ചെറിയാന് ശേഷം ആദ്യമായി ഈ പുരസ്കാരത്തിന് അര്‍ഹനാകുന്ന പ്രവാസി മലയാളിയായിരിക്കുകയാണ് എതിരന്‍ കതിരവന്‍. അദ്ദേഹത്തിന്റെ തന്നെ ‘മലയാളിയുടെ ജനിതകം’ എന്ന പുസ്തകവും വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ അവസാന നിമിഷം വരെ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് ഈ നേട്ടത്തിന് ഇരട്ടി മധുരം നല്കുന്നു.
പാലാ മീനച്ചിലാ സ്വദേശിയായ എതിരന്‍ കതിരവന്‍ പാലാ സെന്റ് തോമസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും ബിരുദവും ബിരുദാനന്ദ ബിരുദവും റാങ്കോടെ പാസാവുകയും തുടര്‍ന്ന് ഡല്‍ഹിയിലെ പ്രസിദ്ധമായ ജെ എന്‍ യൂ ല്‍ നിന്നും സെല്‍ ബയോളജിയില്‍ പി എച് ഡി സമ്പാദിക്കുകയും ചെയ്തു. സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ട്രല്‍ ഗവേഷണത്തിന് ശേഷം അദ്ദേഹം ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ജനറ്റിക്സ് & മോഡ്യുലാര്‍ ബയോളജിയില്‍ ഗവേഷണം നടത്തുകയും തുടര്‍ന്ന് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില്‍ ഈ വിഷയത്തില്‍ ക്ളാസുകളും ഗവേഷണങ്ങളും നടത്തുകയും ചെയ്യുന്നു. നിരവധി ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരില്‍ ഗവേഷണ ഫലങ്ങളുടെ പേറ്റന്റുകളും ഉണ്ട്. ശാസ്ത്ര വിഷങ്ങള്‍ കൂടാതെ കഥ, സിനിമ, സംഗീതം, നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങളും സാമൂഹികവിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പംക്തികളും നിരവധി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര ഗവേഷകയായിരുന്ന ഭാര്യ , രണ്ട് പെണ്മക്കള് എന്നിവരോടൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന എതിരന്‍ ചിക്കാഗോയിലെ മലയാളി സമൂഹത്തില്‍ കലാ സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട് സുപരിചിതനാണ്. ‘എതിരന്‍ കതിരവന്‍’ എന്ന ജനപ്രീയ ബ്ലോഗിലൂടെയും നിരവധി ശാസ്ത്ര – കലാ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന വീഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം കേരളത്തിലെയുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തികൊണ്ട് ശാസ്ത്രവും കലാ-സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് പുതിയ വീക്ഷണത്തിലൂടെ ചിന്തിക്കുവാനും വളരുവാനും പുതിയ തലമുറക്ക് പ്രചോദനം നല്കുവാന് എന്നും മുന്നിട്ട് നില്ക്കുന്നു. കലാ സംസ്കാര വിമര്‍ശങ്ങളില്‍ അദ്ദേഹം ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മികച്ച സിനിമാ നിരൂപകന്, കഥാകൃത്ത്, സംഗീതാസ്വാദകന് തുടങ്ങി ഒരു മലയാളിയുടെ ജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും തന്റേതായ കാഴ്ചപാടുകളിലൂടെ കടന്നു ചെന്ന് ശ്രദ്ധിക്കപ്പെടുന്ന വീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.
പ്രവാസി മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനെ ചിക്കാഗോയുടെ മണ്ണിലേക്ക് കൊണ്ടുവന്ന എതിരന്‍ കതിരവനെ, ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡണ്ട് ജോണ്സണ് കണ്ണൂക്കാടന്‍, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡണ്ട് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ജോസ് കണിയാലി എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ അനുമോദിച്ചു.