വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച പ്രതിയുടെ ലോക്കറില്‍ സയനൈഡ് ശേഖരം

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്.

കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ സയനൈഡ് ആണെന്ന് വ്യക്തമായിട്ടുണ്ട്.
ജനുവരി 20 നാണ് മംഗളൂരു വിമാനത്താവളത്തില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കണ്ടെത്തിയത്. ബാഗ് വച്ചത് താനാണെന്ന് പ്രതി സമ്മതിച്ചതായി മംഗളൂരു പോലീസ് വ്യക്തമാക്കി. മാത്രമല്ല സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ഇയാളെ തന്നെയാണെന്നും പോലീസ് സൂചിപ്പിച്ചു.

ജോലി നിഷേധിച്ചതിന്റെ പ്രതികാരമായിട്ടാണ് താന്‍ സ്‌ഫോടകവസ്തുക്കള്‍ വിമാനത്താവളത്തില്‍ കൊണ്ട് ഇട്ടത് എന്ന് ഇയാള്‍ പറഞ്ഞിരുന്നു. സയനൈഡ് എന്തിനാണ് സൂക്ഷിച്ചു വച്ചിരിക്കുന്നതെന്നും മറ്റും പൊലീസ് അന്വേഷിച്ചു വരികയാണ്. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോന്നും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.