സിം കാര്‍ഡ് വേണ്ട ; ഒരു രൂപക്ക് ഒരു ജിബി ഡേറ്റയുമായി സ്റ്റാര്‍ട്ടപ്പ് കമ്പനി
ഒരു രൂപക്ക് ഒരു ജിബി ഡേറ്റ കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലെ. ബാംഗ്ലൂര്‍ ആണ് സംഭവം. ബംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഞെട്ടിക്കുന്ന സര്‍വീസുമായി രംഗത്ത് വന്നിരിക്കുന്നത്. വൈഫൈ ഡബ്ബ എന്നാണു ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പേര്. വൈഫൈ മോഡം വഴിയാണ് ഈ സ്റ്റാര്‍ട്ടപ്പ് കമ്പനി ഡേറ്റ നല്‍കുന്നത്. ബെംഗളൂരു പട്ടണത്തില്‍ പല ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന വൈഫൈ മോഡം വഴിയാണ് ഇവരുടെ പ്രവര്‍ത്തനം.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ഡേറ്റ നല്‍കുന്ന ജിയോയെക്കാള്‍ 360 ശതമാനത്തോളം വില കുറച്ചാണ് വൈഫൈ ഡബ്ബ ഡേറ്റ നല്‍കുന്നത്. മൊബൈല്‍ പ്ലാന്‍ അല്ല എന്നതുകൊണ്ട് തന്നെ സിം കാര്‍ഡോ മറ്റു കണക്ഷനോ ആവശ്യമില്ല. വൈഫൈ ഒണ്‍ലി സര്‍വീസായ ഇത് നിരവധി ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കമ്പനിയുടെ വൈഫൈ പോയിന്റുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍, കടകളിലും ഷോപ്പിംഗ് മാളുകളുകളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഒരു രൂപ മുടക്കിയാല്‍ ഈ വൈഫൈ പോയിന്റുകളിലേക്ക് കണക്ട് ചെയ്ത് ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങാം.
സെക്കന്‍ഡില്‍ 140 എംബി വേഗതയാണ് ഈ കണക്ഷന് ലഭിക്കുന്നത്. ഇന്‍സ്റ്റളേഷന്‍ ചാര്‍ജോ രജിസ്‌ട്രേഷനോ ഇതിന് ആവശ്യമില്ല. റീചാര്‍ജ് ചെയ്ത ഡേറ്റക്ക് എക്‌സ്പയറി ഡേറ്റും ഇല്ല. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ മാത്രമുള്ള വൈഫൈ ഡബ്ബ ആവശ്യക്കാര്‍ക്കനുസരിച്ച് രാജ്യത്തിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഒപ്ടിക്കല്‍ ഫൈബറിനും വയര്‍ഡ് കണക്ടിവിറ്റിക്കും പകരം സൂപ്പര്‍ നോഡ്‌സ് എന്ന സാങ്കേതിക വിദ്യയാണ് വൈഫൈ ഡബ്ബ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനു ചെലവ് വളരെ കുറവാണ്.