കേരളത്തില്‍ വീണ്ടും വ്യാജമുട്ട സജീവമാകുന്നു
കേരളത്തില്‍ വീണ്ടും വ്യാജ മുട്ട സജീവമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി കളമശേരിയില്‍ മുട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വ്യാജ മുട്ട വീണ്ടും സുലഭാമാകുന്നു എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. നോര്‍ത്ത് കളമശേരി സ്വദേശി വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്.
കളമശേരിയിലെ ഒരു കടയില്‍ നിന്നാണ് വിന്‍സെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയില്‍പെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടന്‍ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകള്‍ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം.
അന്യ സംസ്ഥാനത്തുനിന്നാണ് ഇത്തരത്തിലുള്ള വ്യാജ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം. ഇത്തരത്തിലുള്ള മുട്ട മാഫിയക്ക് എതിരെ ശക്തമായ പരിശോധനകളും നടപടിയും സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. മുന്‍പും സമാനമായ രീതിയില്‍ പ്ലാസ്റ്റിക് മുട്ടകള്‍ വിപണിയില്‍ സുലഭമായിരുന്നു.