ഒന്നുകില്‍ വില്‍ക്കും അല്ലെങ്കില്‍ പൂട്ടും ; എയര്‍ ഇന്ത്യയുടെ ഭാവി തുലാസിലാക്കി കേന്ദ്രസര്‍ക്കാര്‍

ആരും വാങ്ങാന്‍ വന്നില്ല എങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടുമെന്നു കേന്ദ്രസര്‍ക്കാര്‍. നഷ്ടത്തിലായ കമ്പനി കനത്ത സാമ്പത്തിക ബാധ്യതയിലാണെന്നും സ്വകാര്യവത്കരണം അത്യാവശ്യമാണെന്നും കേന്ദ്രം. ആരും വാങ്ങിയില്ലെങ്കില്‍ കമ്പനി അടച്ച് പൂട്ടുമെന്നുമാണ് കേന്ദ്രം പറയുന്നത്.

വില്‍പനയുമായി ബന്ധപ്പെട്ട് താത്പര്യപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 17 ആണ് അവസാന തിയതി. വാങ്ങുന്നവര്‍ കടബാധ്യത മുഴുവനായി ഏറ്റെടുക്കേണ്ടി വരും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് മാത്രമേ സ്ഥാപനം സ്വന്തമാക്കാനാകൂ.

ഇന്ത്യയിലെ തന്നെ സ്വകാര്യ വിമാന കമ്പനി ഇന്‍ഡിഗോയും വിദേശ കമ്പനിയായ എത്തിഹാദും എയര്‍ ഇന്ത്യയെ വാങ്ങാന്‍ കേന്ദ്രവുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും നടപടി ആയിരുന്നില്ല. 23,000 കോടി ബാധ്യതയുള്ള കമ്പനിക്ക് 26 കോടി രൂപ ദിനം തോറും നഷ്ടമുണ്ട്.

അതേസമയം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാഗികമായ സ്വകാര്യവത്കരണത്തിന് പുറമെയാണ് ഇപ്പോള്‍ മുഴുവനായുള്ള വില്‍പനയും. 2018ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും വാങ്ങാനെത്തിയിരുന്നില്ല.