ട്രാന്‍സ്‌ജെന്‍ഡറുകളെയും പുറത്താക്കി എന്‍ആര്‍സി പട്ടിക : ആസാമില്‍ പൌരത്വം നഷ്ടമായത് രണ്ടായിരത്തോളം പേര്‍ക്ക്
ദേശീയ പൗരത്വ പട്ടിക മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഭീഷണിയാകുന്നു. അസമില്‍ നടപ്പാക്കിയ പൗരത്വ പട്ടികയില്‍ നിന്നാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ വെട്ടിയത്. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കേന്ദ്രത്തിന് നോട്ടീസയച്ചു. പട്ടികയില്‍ നിന്നും രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആണ് പുറത്തായത്.
അസമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജായ സ്വാതി ബിധന്‍ ആണ് പരാതിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. പൗരത്വ പട്ടികയിലെ ലിംഗം രേഖപ്പെടുത്തേണ്ട കോളത്തില്‍ പുരുഷന്‍, സ്ത്രീ, മറ്റുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗം ഉണ്ടായിരുന്നുവെന്നും ട്രാന്‍സ്‌ജെന്‍ഡറുകളോട് പുരുഷന്‍, സ്ത്രീ എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് അടയാളപ്പെടുത്താന്‍ നിര്‍ബന്ധിച്ചു എന്നും സ്വാതി ബിധന്‍ പരാതിയില്‍ പറയുന്നു. ട്രാന്‍സ്ജന്‍ഡറുകളില്‍ അധിക ആളുകളും ഉപേക്ഷിക്കപ്പെട്ടവരാണെന്നും അസമിലെ പൗരത്വ പട്ടികയ്ക്കു വേണ്ട 1971നു മുന്‍പുള്ള രേഖകള്‍ അവരോടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
2019ലെ ട്രാന്‍സ്‌ജെന്‍ഡേഴ്സ് പേഴ്സണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) നിയമപ്രകാരം ഇവര്‍ക്കെതിരെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പരമായി വിവേചനങ്ങള്‍ പാടില്ലെന്ന് നിഷ്‌കര്‍ഷയുണ്ട്. ഇതിനെ മറികടന്നാണ് എന്‍ആര്‍സി രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്.
അതേ സമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ പുനരാലോചന വേണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൗരത്വ നിയമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്.
പ്രമേയത്തില്‍ തീരുമാനമെടുക്കും മുന്‍പ് നിയമവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കണമെന്നാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല നിയമഭേദഗതിയെന്നും ഇന്ത്യ അറിയിച്ചു. പഴയകാല യൂറോപ്യന്‍ സമൂഹത്തിലും സമാനമായ നിലപാടുകളുണ്ടായിരുന്നു എന്നും ഇന്ത്യ വിശദീകരിച്ചു.