എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബി.ജെ.പി എം.പിയടക്കം ഉള്ള പ്രമുഖര്‍ രംഗത്ത്
എയര്‍ ഇന്ത്യയെ ഇല്ലാതാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനു എതിരെ ഭരണപക്ഷത്തു നിന്നും എതിര്‍പ്പുകള്‍. സ്ഥാപനത്തിന്റെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നു. കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് പറഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്രസര്‍ക്കാരിന്റെ നടപടി ദേശവിരുദ്ധമാണെന്നും ട്വിറ്ററില്‍ പറഞ്ഞു.
”എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ ഇന്ന് പുനരാരംഭിക്കുകയാണ്. ഈ ഇടപാട് പൂര്‍ണമായും ദേശവിരുദ്ധമാണ്. ഞാന്‍ കോടതിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. രാജ്യത്തിന്റെയാകെ സ്വത്തായ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാരിന് ഇത്തരത്തില്‍ വിറ്റഴിക്കാന്‍ സാധിക്കില്ല”,- സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
അതുപോലെ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് പണമില്ലാത്തപ്പോള്‍ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും, വില്പന തന്നെ പോംവഴി, ഇതാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്, എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും കേന്ദ്ര സര്‍ക്കാര്‍ വിലക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യാ ഗവണ്‍മെന്റിന് പണമില്ല, വളര്‍ച്ച 5 ശതമാനത്തില്‍ താഴെയാണ്, ദശലക്ഷക്കണക്കിന് രൂപ MNREGA പ്രകാരം കുടിശ്ശികയാണ്. തങ്ങളുടെ പക്കലുള്ള വിലപ്പെട്ട എല്ലാ സ്വത്തുക്കളും വില്‍ക്കുക, അതാണ് ഏക പോംവഴി, അതുതന്നെയാണ് അവര്‍ ചെയ്യുന്നത്, കപില്‍ സിബല്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കാനായി എയര്‍ ഇന്ത്യ താല്‍പര്യ പത്രം ക്ഷണിച്ചത്. 2020 മാര്‍ച്ച് 20 വരെയാണ് താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏറ്റെടുക്കുന്നവര്‍ കമ്പനിയുടെ 23000 കോടി രൂപ വരുന്ന കടബാധ്യത പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരും.