പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ പ്രമേയം പാസാക്കി
പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) പ്രമേയം പാസാക്കി. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രമേയം അവതരിപ്പിച്ചത് കേരളമാണ്. പിന്നീട് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പ്രക്ഷോഭ0 മുന്നില്‍നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു. പൗരത്വ നിയമത്തിന് എതിരെ സമാധാനപരമായി പോരാട്ടം തുടരും. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
രാജ്യത്തെ പൗരനാകാന്‍ വിദേശി ആയിരിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് അപകടം നിറഞ്ഞ കളിയാണ്. ജനങ്ങളെ മരണത്തിലേക്ക് തളളി വിടുന്നതിന് തുല്യമാണ്. അവരുടെ കുരുക്കില്‍ വീണുപോകരുതെന്നും മമത മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമായി പ്രമേയം പാസാക്കുന്നത് പഞ്ചാബിലാണ്. ബിജെപി ഇതര സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാനാണ് സാധ്യത.
അതേസമയം, CAA യ്‌ക്കെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും മുന്നോട്ടുവരികയാണ്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കാനാണ് തെലങ്കാന സര്‍ക്കാര്‍ ആലോചിക്കുന്നത്. CAA ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക സമ്മേളനവും സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കും. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.