വിവാദ ആള്‍ദൈവം നിത്യാനന്ദക്കെതിരെ സഹായിയായ യുവാവ് രംഗത്ത്

പത്തു വര്‍ഷക്കാലം സഹായിയായി കൂടെ നിന്ന വിജയകുമാര്‍ എന്ന യുവാവാണ് നിത്യാനന്ദക്കെതിരെ രംഗത്തു വന്നത്. ആശ്രമത്തില്‍ നടക്കുന്നത് തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആണെന്ന് വിജയകുമാര്‍ പറയുന്നു. 10 വര്‍ഷത്തോളം താന്‍ അവിടെ ഉണ്ടായിരുന്നെന്നും 2015 മുതല്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു എന്നും വിജയകുമാര്‍ പറയുന്നു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇയാളുടെ വെളിപ്പെടുത്തലുകള്‍.

നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ താനും കുറ്റവാളിയാണ്. അതൊക്കെ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് യുവാവ് പറയുന്നു. നിത്യാനന്ദയുടെ മുഖം തന്റെ ശരീരത്താകമാനം പച്ചകുത്തിയിട്ടുണ്ട്. ഇന്ന് താന്‍ പോരാടുന്നത് അയാളെ ശിക്ഷിക്കാനാണെന്ന് വിജയകുമാര്‍ പറയുന്നു. 10 വര്‍ഷത്തോളം താന്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. അവിടെ മൂവായിരത്തോളം അംഗങ്ങള്‍ ഉണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇവരില്‍ പലരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും ഞാന്‍ കൂട്ടുനിന്നു. അയാളുടെ വാക്‌സാമര്‍ത്ഥ്യത്തില്‍ ആരും വീണു പോകും. എനിക്കും അതാണ് പറ്റിയത്.

ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലര്‍ക്കും അയാളോട് പ്രണയമാണ്. തന്നെ എന്തുകൊണ്ട് നിത്യാനന്ദ പ്രേമിക്കുന്നില്ലെന്ന് വിചാരിക്കുന്ന സ്ത്രീകളാണ് അവിടെ കൂടുതല്‍ ഉള്ളത്.”- വിജയകുമാര്‍ പറയുന്നു. തെളിവുകളെല്ലാം തന്റെ കയ്യിലുണ്ട്. അത് എവിടെ വേണമെങ്കിലും പറയാന്‍ ഒരുക്കമാണ്. അയാളെ പിടികൂടി ശിക്ഷിക്കണം. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നിത്യാനന്ദ ആയിരിക്കുമെന്നും വിജയകുമാര്‍ പറയുന്നു.

സുന്ദരികളായ പെണ്‍കുട്ടികലാണ് ഇയാളുടെ ബിസിനസ് തന്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡലുകളെ ഉപയോഗിച്ച് പരസ്യം ചെയ്യുമ്പോലെയാണിത്. പെണ്‍കുട്ടികളില്‍ ആകൃഷ്ടരായി ആശ്രമത്തിലേക്ക് ആളുകളെത്തും. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം ആശ്രമത്തില്‍ താമസിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഇതിനു പുറമേ, വ്യാജ ട്രസ്റ്റുണ്ടാക്കിയുള്ള പണത്തട്ടിപ്പും നടക്കുന്നുണ്ട്. ആശ്രമത്തിലെ അംഗമായിരുന്ന സംഗീത വിവരങ്ങള്‍ പെന്‍ ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. അവളോടെ കയ്യില്‍ തെളിവുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് അവള്‍ കൊല്ലപ്പെട്ടതെന്നും വിജയകുമാര്‍ പറഞ്ഞു.