ഗുണ്ട നേതാവിന്റെ കല്യാണത്തിന് കേക്ക് മുറിക്കാന്‍ വടിവാള്‍ ; അറസ്റ്റുമായി പോലീസ്

നാടുകാരുടെ മുന്നില്‍ ഹീറോ കളിക്കാന്‍ നോക്കിയ കോളേജ് ഗുണ്ടയും പരിവാരങ്ങളും ആപ്പിലായി. കോളജിലെ പഴയ ഗുണ്ടാനേതാവിന്റെ വിവാഹത്തിന് വടിവാള്‍ ഉപയോഗിച്ചു കേക്ക് മുറിച്ചവരാണ് ഇപ്പോള്‍ കോടതി കയറുവാന്‍ തയ്യാറെടുക്കുന്നത്. കോളജ് പഠനകാലത്തെ ‘ബസ് തല’യുടേതായിരുന്നു വിവാഹം. കോളജുകളിലേക്കു പതിവായി യാത്ര ചെയ്യുന്ന ബസുകളിലെ കുട്ടി നേതാക്കന്‍മാരാണ് ബസ് തലകള്‍. ഇത്തരം തലകള്‍ക്ക് കോളജുകളില്‍ താര പരിവേഷവുമാണ്. നഗരത്തിലെ പ്രമുഖ കോളജായ പചൈപ്പാസ് കോളജിനെ അടക്കി ഭരിച്ചിരുന്ന തലയായിരുന്നു 23കാരനായ തിരുവൈക്കാട് സ്വദേശി ഭുവനേശ്വര്‍. ഞായറാഴ്ച്ചയായിരുന്ന ഭുവനേശ്വറിന്റെ വിവാഹ സല്‍ക്കാരം.

പഴയ കൂട്ടുകാരെയെല്ലാം സല്‍ക്കാരത്തിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. പഴയ ഗുണ്ടാനേതാവിന്റെ വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തന്നെ കൂട്ടുകാരും തീരുമാനിച്ചു. വധുവും വരനും ഒന്നിച്ച് കേക്ക് മുറിക്കുന്നതു വ്യത്യസ്തമാക്കാനായിരുന്നു തീരുമാനം. കോളജ് കാലത്ത് ധൈര്യത്തിനു കൂടെ കരുതിയിരുന്ന ആയുധം തന്നെ കേക്ക് മുറിക്കാന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

ആഘോഷം ഗംഭീരമായി. ഫോട്ടോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പാറി പറന്നു. വടിവാള്‍ ആഘോഷങ്ങള്‍ പതിവായതിനാല്‍ പൊലീസും ഉണര്‍ന്നു. ആദ്യം ഭുവനേശ്വറിന്റെ രണ്ടു കൂട്ടുകാര ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഭുവനേശ്വറിന്റെ കോളജിലെ ജൂനിയറായിരുന്ന മണി എന്ന യുവാവാണ് വടിവാള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. സംഭവം വിവാദമായതോടെ മണി ഒളിവിലാണ്.

യുവാക്കള്‍ വടിവാള്‍ ആഘോഷം നടത്തുന്നത് തടയാതിരുന്ന മുതിര്‍ന്നവരെയും പൊലീസ് വെറുതെ വിട്ടില്ല. ദൃശ്യങ്ങളിലുള്ള വരന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ജന്മദിനം കേമമാക്കാന്‍ വടിവാള്‍ എടുത്ത നിയമ വിദ്യാര്‍ഥിയും മൂന്നു കൂട്ടുകാരും സമാന രീതിയില്‍ അറസ്റ്റിലായിരുന്നു.