സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിജയവുമായി ഇന്ത്യക്ക് പരമ്പര

ന്യുസിലാണ്ടില്‍ ഇന്ത്യക്ക് ചരിത്ര വിജയം. സൂപ്പര്‍ ഓവറിലെ അവസാന രണ്ട് ബോളുകളില്‍ സിക്‌സര്‍ പറത്തിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യക്ക് വിജയവും പരമ്പരയും നേടി തന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നേടിയത് 17 റണ്‍സ്. 18 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, അവസാന രണ്ടു പന്തും അതിര്‍ത്തി കടത്തി വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര നേട്ടമാണിത്.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍ മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്‍പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96 ന് മൂന്ന് എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ദ്ധ സെഞ്ച്വറി തികച്ചത്.ട്വെന്റി 20 യില്‍ രോഹിതിന്റെ 20 -ാം അര്‍ധ സെഞ്ച്വറിയും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയുമാണിത്.കിവീസിനായി ഹാമിഷ് ബെന്നെറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ബെന്നറ്റിന്റെ ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. അതേ ബെന്നറ്റ് തന്നെയാണ് പിന്നീടുള്ള രണ്ട് ഓവറുകളില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യന്‍ റണ്‍ വേട്ടയ്ക്ക് തടയിട്ടതും. ന്യുസിലാന്‍ഡിന് അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യുസിലാന്‍ഡിനെ മുഹമ്മദ് ഷമിയാണ് പിടിച്ച് കെട്ടിയത്.എട്ട് റണ്‍സെടുക്കാനെ കിവികള്‍ക്ക് കഴിഞ്ഞുള്ളു