ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

മധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ട കാരണം കാണിച്ചാണ് പുതിയ നീക്കം.

കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയന് ശുപാര്‍ശ നല്‍കിയത്. കേസിലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയു. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ശുപാര്‍ശ.പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം കഴിഞ്ഞതിനാലും ശ്രീറാമിന് സസ്പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.അന്നു സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല.

എന്നാല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഇങ്ങനൊരു നടപടി എന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ ആദ്യം മുതല്‍ക്ക് ശ്രീറാമിനെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസും സര്‍ക്കാരും തുടര്‍ന്ന് വന്നത്. മദ്യപിച്ചു വാഹനമോടിച്ച ശ്രീറാമിനെസമയത്ത് വൈദ്യ പരിശോധന നടത്തുവാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.