ഷെയിന്‍ വിവാദം ; നിര്‍മ്മാതാക്കളും അമ്മയും നേര്‍ക്ക് നേര്‍

ഷെയ്ന്‍ നിഗം വിവാദത്തില്‍ താര സംഘടനയായ അമ്മയും നിര്‍മ്മാതാക്കളും നേര്‍ക്ക് നേര്‍. നഷ്ടപരിഹാരം എന്ന ആവശ്യത്തില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു നിന്നാല്‍ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകള്‍ക്ക് കരാര്‍ വയ്ക്കാതെ നിര്‍മ്മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമ്മയുടെ തീരുമാനം. ഇനി ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫിസിലേക്ക് ചര്‍ച്ചക്കായി പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ‘അമ്മ’യിലെ സഹ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

നേരത്തെ ഷെയിന്‍ നിഗം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു വരുത്തിയ നിര്‍മ്മാതാക്കള്‍ അപമാനിച്ചുവെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. ഉല്ലാസം സിനിമ ഡബ് ചെയ്തു കഴിഞ്ഞാല്‍ ചര്‍ച്ചയാകാം എന്ന നിലപാലായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ ഡബ്ബിങ്ങ് കഴിഞ്ഞതോടെ നഷ്ടപരിഹാരം എന്ന ആവശ്യം ഉന്നയിച്ചത് ശരിയായ നിലപാടല്ലെന്നും ‘അമ്മ’ പറയുന്നു.

ചര്‍ച്ചകള്‍ക്കായി താരങ്ങളെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫിസിലേക്ക് ക്ഷണിച്ചത് നിര്‍മ്മാതാക്കളാണ്. അവിടേക്ക് പോയി ചര്‍ച്ച നടത്തുന്നതില്‍ ചില താരങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും അവസാനം അവിടേക്ക് പോകാന്‍ തീരുമാനമെടുത്തു. എന്നാല്‍ ചര്‍ച്ചക്കിടെ നഷ്ടപരിഹാരം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ അമ്മ ഭാരവാഹികള്‍ എതിര്‍ത്തു. നിര്‍മ്മാതാക്കളുടെ അസൗകര്യത്താല്‍ ചിത്രീകരണം മുടങ്ങിയാല്‍ താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന് അമ്മ ഭാരവാഹികള്‍ തിരിച്ച് ചോദിച്ചു.

‘നഷ്ടപരിഹാരമില്ലെങ്കില്‍ ചര്‍ച്ചയുമില്ലെന്ന് അറിയിച്ചു കൊണ്ട് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ആദ്യം യോഗം ബഹിഷ്‌ക്കരിച്ചു. ഇതോടെയാണ് അമ്മ ഭാരവാഹികളും യോഗത്തില്‍ നിന്ന് ഇറങ്ങിയത്.നഷ്ടപരിഹാരം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് അമ്മ പറയുന്നു.

താരത്തിന്റെ അസൗകര്യം മൂലം ഷൂട്ടിംങ്ങ് വൈകിയതിന് നഷ്ടപരിഹാരം അംഗീകരിച്ചാല്‍, തിരിച്ച് നിര്‍മ്മാതാക്കളുടെ അസൗകര്യം മൂലം ഷൂട്ടിംഗ് വൈകിയാല്‍ തിരിച്ചും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് അമ്മ ഭാരവാഹികള്‍ പറയുന്നു. നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഷൂട്ടിംഗ് മാറ്റി വച്ച നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താരങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ദിവസ വേതനത്തിന്റെയോ മണിക്കൂര്‍ പ്രതിഫലത്തിന്റെയോ അടിസ്ഥാനത്തിലാകാം ഇനിയുള്ള ഷൂട്ടിംഗുകള്‍ എന്നും താരസംഘടന പറയുന്നു.