ഭാമ വിവാഹിതയായി

ചലച്ചിത്ര താരം ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശിയും ദുബായിയില്‍ ബിസിനസുകാരനുമായ അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് പരമ്പരാഗത ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങളുടെയും സാന്നിധ്യം ചടങ്ങില്‍ ഉണ്ടായിരുന്നു.

കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. രേഖിത എന്ന് പേര് മാറ്റി ലോഹിതദാസ് ആണ് താരത്തിന് ഭാമ എന്ന പേര് നല്‍കിയത്.

സൈക്കിള്‍, 101 വെഡ്ഡിംഗ്സ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, ഒറ്റ മന്ദാരം, മാല്‍ഗുഡി ഡേയ്സ് തുടങ്ങി അന്‍പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.