മുഖ്യമന്ത്രി ശുപാര്‍ശ തള്ളി ; ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ നീട്ടി
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണം എന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. കൂടാതെ ശ്രീറാമിന്റെ സസ്പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
സസ്പെന്‍ഷന്‍ കാലാവധി ആറു മാസം പിന്നിട്ട സാഹചര്യത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്. ആറു മാസം കഴിഞ്ഞുവെന്ന സാങ്കേതികത്വമാണു ഇതിനായി ചൂണ്ടിക്കാട്ടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതിനു മുന്നേ ശ്രീറാമിനെ തിരിച്ചെടുക്കാനായിരുന്നു നീക്കം.
അപകടം നടക്കുമ്പോള്‍ താനല്ല ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നല്‍കിയ വിശദീകരണം. മദ്യപിച്ചിട്ടില്ലെന്നും മനപൂര്‍വമല്ല അപകടമെന്നും വിശദീകരിച്ചിരുന്നു. ഇതു കണക്കിലെടുത്താണു ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണു ഉയര്‍ന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയനും സിറാജ് മാനേജ്മെന്റും ഇതിനെതിരെ മുഖ്യമന്ത്രിയെ സമീപിച്ചു. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പരിശോധിച്ച മുഖ്യമന്ത്രി ഇതു തള്ളിക്കൊണ്ടു സസ്പെന്‍ഷന്‍ മൂന്നു മാസത്തേക്ക് നീട്ടാന്‍ ഉത്തരവിടുകയായിരുന്നു.