കൊറോണ വൈറസ് ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO, ചൈനയില്‍ മരണസംഖ്യ കൂടുന്നു
കൊറോണ വൈറസ് ഭീതിയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO. ചൈനയെ മാത്രം കണക്കിലെടുത്തല്ല തീരുമാനമെന്ന് WHO വ്യക്തമാക്കി. WHOയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലോകരാജ്യങ്ങള്‍ പാലിക്കണം. അതേസമയം, ചൈനയില്‍ മാത്രം ഇതുവരെ മരണം 213 ആണ്. ഇതുവരെ 9692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിന്‍സിലുമാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി.പൗരന്മാരെ ചൈനയില്‍ നിന്ന് തിരികെയെത്തിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്. 374 ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കും. 34 മലയാളികളും ഇതിലുള്‍പ്പെടും.
അതേസമയം. കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് വിദ്യാര്‍ഥിനിയെ മാറ്റിയത്. തൃശൂരില്‍ കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
വിദ്യാര്‍ഥിനിയെ കൂടാതെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉള്ളത്. പെണ്‍കുട്ടിയുമായി യാത്രയിലും മറ്റും ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷിക്കാനാണ് നീക്കം. രോഗിയുമായി സമ്പര്‍ക്കത്തിലിരുന്ന 52 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ ആളുകളെ നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.