കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാന്‍ എം.പിയുടെ ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി. നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതേസമയം, കേരളത്തില്‍ നിന്നുള്ള രണ്ടു കേസുകള്‍ NIA അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു . ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സീറോ മലബാര്‍ സഭയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നതായി സീറോ മലബാര്‍ സഭ സിനഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സീറോമലബാര്‍ സഭ സിനഡ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ISലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരും ഉണ്ടെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇത്തരത്തില്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും സിനഡ് കണ്ടെത്തി. കൂടാതെ, അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതി പേരും ക്രിസ്തുമതത്തില്‍പ്പെട്ടവരാണെന്നും സഭ വിശദീകരിക്കുന്നു.