നടിയെ ആക്രമിച്ച കേസ് ; കോടതി മുറിയിലെ വിചാരണ ദൃശ്യങ്ങള്‍ ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിലെ ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പ്രതികള്‍, സാക്ഷി, ജഡ്ജ് എന്നിവരടക്കമുള്ള കോടതി മുറിയിലെ ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്. പ്രതിയുടെയും ഒപ്പമെത്തിയ സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.
നടിയെ ആക്രമിച്ച കേസിലെ അഞ്ചാം പ്രതി സലീമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങള്‍ കിട്ടിയത്. സംശയത്തെ തുടര്‍ന്ന് പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം എത്തിയ സുഹൃത്ത് ആഷിക്കിന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
കോടതി വളപ്പിലുണ്ടായിരുന്ന ഇയാള്‍ ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളാണ് പകര്‍ത്തിയത്. ഇരുവരെയും കോടതിയിലുണ്ടായിരുന്ന പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് നോര്‍ത്ത് പോലീസിന് കൈമാറി. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
നടിയെ ആക്രമിച്ച കേസിലെ അഞ്ചാം പ്രതിയായ സലീം നിലവില്‍ ജാമ്യത്തിലാണ്. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ സലീമിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചേക്കും. എന്നാല്‍ പോലീസിന്റെ വീഴ്ച്ചയാണ് ഇതിനു പിന്നില്‍. രഹസ്യവിചാരണയായതിനാല്‍, കര്‍ശന നിയന്ത്രണമാണ് വിചാരണ നടക്കുന്ന കോടതി മുറിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെയാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.