തിരുവനന്തപുരത്ത് ലോകനിലവാരമുള്ള കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി

കേരളത്തിലെ ലോകനിലവാരമുള്ള ആദ്യ ഷൂട്ടിംഗ് അക്കാഡമി തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ഗെയിംസിനായി നിര്‍മിച്ച ആധുനിക സൗകര്യങ്ങളുള്ള ഷൂട്ടിംഗ് റേഞ്ചിലാണ് അക്കാഡമി പ്രവര്‍ത്തിക്കുക. ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് ഇലക്ട്രോണിക് ടാര്‍ഗറ്റ് സിസ്റ്റം ഉള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വിദഗ്ധ പരിശീലനത്തിലൂടെ മികച്ച താരങ്ങളെ വാര്‍ത്തെടുത്ത് അന്തര്‍ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കുകയാണ് ഇതിലൂടെ കായികവകൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഷൂട്ടിംഗ് കോച്ചുമാരെയും അനുബന്ധ ഉദ്യോഗസ്ഥരെയും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കും. ആവശ്യമായ ആയുധങ്ങളും അനുബന്ധ സാമഗ്രികളും സംഭരിക്കാന്‍ കായിക യുവജനകാര്യ വകുപ്പ് സഹായിക്കും.

3.5 ഏക്കറിലുള്ള ഷൂട്ടിംഗ് റേഞ്ചില്‍ രണ്ടു നിലകളിലായി 3875 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും, 5252 ചതുരശ്ര മീറ്റര്‍ ഷൂട്ടിംഗ് ഏരിയയും ലഭ്യമാണ്. 10 മീറ്റര്‍ റേഞ്ചില്‍ 60 പേര്‍ക്കും, 20 മീറ്റര്‍, 50 മീറ്റര്‍ റേഞ്ചുകളില്‍ 40 പേര്‍ക്കും ഒരേ സമയം പരിശീലനം നടത്താം. പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 10 വയസാണ്.

ആദ്യ ബാച്ചില്‍ അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ ഈമാസം ഒമ്പതിന് മുമ്പ് പേര്, ജനനതീയതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡും രണ്ടു പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഒരു ബാച്ചില്‍ 90 കുട്ടികള്‍ക്കാണ് പ്രവേശനം.