വൈദ്യുതി പ്രതിസന്ധിയില്‍ കേരളം

കേരളത്തില്‍ വൈദ്യുതി ഉത്പാദനത്തില്‍ പ്രതിസന്ധി എന്ന് റിപ്പോര്‍ട്ട്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ അടുത്തിടെയുണ്ടായ പൊട്ടിത്തെറികള്‍ ആണ് ഈ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 10 ദശലക്ഷത്തോളം യൂണിറ്റ് കുറവ് വരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കൂടുതല്‍ വിലകൊടുത്ത് വൈദ്യുതി വാങ്ങുകയാണ് വൈദ്യുതി ബോര്‍ഡ്.

130 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 ജനറേറ്ററുകളാണ് ഇവിടെയുള്ളത്. ജനുവരി 20നും ഫെബ്രുവരി 1നുമുണ്ടായ പൊട്ടിത്തെറികള്‍മൂലം ഇപ്പോള്‍ ആകെ 3 ജനറേറ്ററുകള്‍ നവീകാരണ ജോലികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിക്കും.

അതേസമയം, പൊട്ടിത്തെറികള്‍മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. കൂടാതെ, നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ കുറഞ്ഞത് ഒരു മാസത്തെ സമയം വേണ്ടി വരുമെന്നും KSEB പറയുന്നു. കൂടാതെ, പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധന അനിവാര്യമാണ് എന്നും അധികൃതര്‍ പറയുന്നു.

ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ കാലപ്പഴക്കമാണു തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടാകുന്നതിനു മുഖ്യ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 11 ദിവസത്തിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍ രണ്ടാം തവണയും പൊട്ടിത്തെറി ഉണ്ടായതോടെ ജീവനക്കാരും ഭീതിയിലാണ്. കേരളത്തിന്റെ ഊര്‍ജ ക്ഷേത്രമെന്നാണ് മൂലമറ്റം പവര്‍ ഹൗസിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്നുവരെ മൂലമറ്റത്തു നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്.