ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരുമെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ഒന്നാം തീയതിയുള്ള ഡ്രൈഡേ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യ ഉപഭോഗം കുറഞ്ഞുവെന്നും പുതിയതായി 169 ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് രേഖ മൂലമാണ് എക്സൈസ് മന്ത്രിയുടെ മറുപടി. എല്ലാ മാസവും ഒന്നാം തിയതി ബാറുകളും സര്‍ക്കാര്‍ അംഗീകൃത മദ്യ വില്‍പന ശാലകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. ഒന്നാം തീയതിയും മദ്യശാലകള്‍ തുറക്കാന്‍ സിപിഐഎമ്മും സര്‍ക്കാരും ആലോചിക്കുന്നുവെന്നും മുന്നണിയുടെ അനുമതിയോടെ അടുത്ത മദ്യനയത്തില്‍പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍.

അതേസമയം, ബാറുകള്‍ അടച്ചിട്ടപ്പോഴും കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. യുഡിഎഫ് കാലത്തേക്കാള്‍ മദ്യ ഉപഭോഗം കുറഞ്ഞു. ബാര്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015 -2016 വര്‍ഷത്തില്‍ 220.58 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോള്‍ നിയന്ത്രണം നീക്കിയ 2018- 2019 ല്‍ 216.34 ലക്ഷം കെയ്സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റതെന്നും കെഎസ് ശബരിനാഥിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

പുതിയതായി 169 ബാര്‍ ലൈസന്‍സുകള്‍ നല്‍കിയതായി മന്ത്രി സഭയെ അറിയിച്ചു.വിദ്യാലയങ്ങളുടെ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് 2019 ജനുവരി മുതല്‍ 4709 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ബി സത്യന്റെ ചോദ്യത്തിന് രേഖമൂലം മറുപടി നല്‍കി. എല്ലാ താലൂക്കുകളിലും ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും, നിലവിലെ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി സഭയെ അറിയിച്ചു.