വെളുത്ത നിറം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും പുതിയ നിയമം പ്രാബല്യത്തില്‍

രാജ്യത്ത് തൊലിവെളുപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരം പരസ്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുന്ന നിയമമാണ് തയ്യാറാവുന്നത്. മുടി കൊഴിച്ചില്‍, തൊലിവെളുപ്പ്, ലൈംഗികാസ്വാദനം തുടങ്ങിയ കാര്യങ്ങളെ പറ്റിയുള്ള പരസ്യങ്ങള്‍ക്കാണ് നിയന്ത്രണം. 1954ലെ നിയമത്തില്‍ ഭേദഗതി വരുത്താനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

എയ്ഡ്‌സ്, തൊലിവെളുപ്പ്, ഉയരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പരസ്യങ്ങളൊക്കെ പുതിയ നിയമത്തിനു കീഴില്‍ വരും. തിങ്കളാഴ്ച പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ട് ബില്ലിന്റെ കരട് രൂപം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 45 ദിവസങ്ങള്‍ കൊണ്ട് ബില്ലിന് അന്തിമരൂപം ആക്കാനാണ് ശ്രമം. കാലാകാലങ്ങളായി പരസ്യ മേഖലയില്‍ നടക്കുന്ന തെറ്റിദ്ധരിപ്പിക്കലുകള്‍ വര്‍ധിക്കുണ്ടെന്ന് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളാണ് നിയമത്തിനു കീഴില്‍ വരിക. മാന്ത്രിക ശക്തിയുള്ള വസ്തുക്കളെന്ന തരത്തില്‍ പരസ്യം നല്‍കി വരുന്ന കീഴ്വഴക്കം ഇതോടെ അവസാനിക്കും.

ആദ്യത്ത തവണ ഈ കുറ്റം ചെയ്താല്‍ രണ്ട് വര്‍ഷത്തെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 50 ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. നിലവില്‍ ആദ്യത്തെ തവണ ആറു മാസവും ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷവും തടവ് അനുഭവിക്കണം. ഇത് പരിഷ്‌കരിക്കാനാണ് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. പത്രപ്പരസ്യങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന നിയമം ഇനി മുതല്‍ സോഷ്യല്‍ മീഡിയ, മറ്റ് ഇലക്ട്രോണിക്ക് മീഡിയ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിക്കും.

അതേ സമയം, ഏത് തരത്തിലുള്ള പരസ്യങ്ങള്‍ക്കാണ് നിയന്ത്രണം വരിക എന്നതില്‍ വ്യക്തതയില്ല. ഫെയര്‍നസ് ക്രീമുകളും മറ്റും ഈ നിയമത്തിനു കീഴില്‍ ഉള്‍പ്പെടില്ല എന്നാണ് വിവരം. കൃത്യമായ രേഖകളില്ലാതെ നല്‍കുന്ന പരസ്യങ്ങള്‍ക്ക് പിടിവീഴുമെന്നാണ് കരുതപ്പെടുന്നത്.