രജനി സിനിമ പാരയായി ; വിതരണക്കാരില്‍ നിന്ന് സംരക്ഷണം തേടി സംവിധായകന്‍ കോടതിയില്‍

വിവാദങ്ങളില്‍ കുടുങ്ങി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍. ചിത്രം തങ്ങള്‍ക്ക് കോടികളുടെ നഷ്ട്ടം ഉണ്ടാക്കി എന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുന്പ് ചിത്രത്തിന്റെ വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. ആ നഷ്ടം സിനിമയിലെ നായകന്‍ രജനി നികത്തണം എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രജനി അതിനു മറുപടി നല്‍കാത്തത് കാരണം ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് എതിരെയാണ് വിതരണക്കാര്‍.

ഇതിനെ തുടര്‍ന്ന് വിതരണക്കാരില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ എ.ആര്‍ മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ദര്‍ബാര്‍ വിതരണത്തിനെടുത്ത തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചെന്നും ഈ നഷ്ടം രജനീകാന്ത് നികത്തണമെന്നും ചില വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിതരണക്കാര്‍ തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് മുരുകദോസിന്റെ പരാതി.

നയന്‍താര നായികാ വേഷത്തില്‍ എത്തിയ ചിത്രം തണുത്ത പ്രതികരണമാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. രജനി സിനിമ ആയതുകൊണ്ട് തന്നെ കോടികള്‍ മുന്‍കൂര്‍ നല്‍കിയാണ് പല മേഖലകളിലും ചിത്രം വിതരണത്തിന് വിറ്റ് പോയത്.