സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ല എന്ന് പിണറായി വിജയന്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്കകള്‍ അവസാനിപ്പിക്കും വരെ സംസ്ഥാനത്തെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സെന്‍സസ് ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വഴിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സെന്‍സസ് നടപടികള്‍ക്ക് വിട്ടുകൊടുക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്ര സെന്‍സസ് വകുപ്പാണ്. സെന്‍സസ് ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമാകില്ലെന്ന് എന്ത് ഉറപ്പുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ കെ.എം.ഷാജി ചോദിച്ചു.
പൗരത്വ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പൊതു സമൂഹത്തിന് അങ്കലാപ്പില്ലെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. സമൂഹത്തെ മറ്റു ചിലതിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ഏശില്ല. അതേസമയം സെന്‍സസില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നത് യാഥാര്‍ഥ്യമാണെങ്കിലും ആശങ്കകള്‍ ദൂരികരിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.