കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ : തോമസ് ഐസക്

സംസ്ഥാനത്ത് കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. മാന്ദ്യം അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഗള്‍ഫ് പ്രതിസന്ധിയും നാണ്യവിള തകര്‍ച്ചയും മൂലമുള്ള മാന്ദ്യം സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടാണ് 2016-17 ബജറ്റില്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചത്.

മാന്ദ്യകാലത്ത് നോട്ട് നിരോധനം പോലുള്ള ഭ്രാന്തന്‍ നടപടികളാണ് കേന്ദ്രം കൈക്കോള്ളുന്നതെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബജറ്റിന് പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള നിയമം ഏകകണ്ഠമായാണ് പാസാക്കിയത്.

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമിയേറ്റെടുക്കാന്‍ 15 പുതിയ യൂണിറ്റുകള്‍ തുടങ്ങും. പമുഖ ഇലക്ട്രോണിക് കമ്പനികള്‍ കേരളത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ പാക്കേജിന് 1000 കോടി രൂപ അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും.

പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. നിയമസഭാ സാമാജികന്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തികളില്‍ 1500 കോടിയുടെ പ്രവര്‍ത്തികള്‍ക്കായി അധിക തുക അനുവദിച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു.