ഡല്‍ഹി വോട്ടിങ്ങിന് തണുത്ത പ്രതികരണം ; ചില ഇടങ്ങളില്‍ അക്രമം

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വശത്ത് നിന്നും തണുത്ത പ്രതികരണം. ഉച്ചയ്ക്ക് ഒരു മണിവരെ 19.37 % പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് ഡല്‍ഹിയുടെ വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.

അഞ്ചുവര്‍ഷം മുന്‍പ് സ്വന്തമാക്കിയ 70 ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും നേടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി സര്‍ക്കാര്‍. എന്നാല്‍ പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപി പിന്നിലുണ്ട്. ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ്. ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

അതിനിടെ സംഘര്‍ഷങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. ചാന്ദ്നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ എഎപി എംഎല്‍എയുമായ അല്‍ക്ക ലാംബയാണ് എഎപി പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അല്‍ക്ക ലാംബയുടെ മകനെക്കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ് എഎപി പ്രവര്‍ത്തനെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

എന്നാല്‍, പോളിംഗ്ബൂത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി എഎപി പ്രവര്‍ത്തകനെ മാറ്റി. അല്‍ക്കയുടെ ഈ പ്രവര്‍ത്തിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. എഎപി എംഎല്‍എയായിരുന്ന അല്‍ക്ക ലാംബ അരവിന്ദ് കേജ്രിവാളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.