കാട്ടാക്കട കൊലപാതകം : നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടാക്കടയില്‍ യുവാവിനെ ജെ സി ബി ഉപയോഗിച്ച് അടിച്ചു കൊന്ന കേസില്‍ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഒരു എഎസ്ഐഎയും മൂന്ന് പൊലീസുകാരെയുമാണ് സസ്പെന്റ് ചെയ്തത്. മണ്ണ് മാഫിയയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.

എഎസ്ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികുമാര്‍ , ബൈജു, സുകേശ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മണ്ണ് മാഫിയ അനുവാദമില്ലാതെ തന്റെ പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നതായി സംഭവ ദിവസം രാത്രി 12.35 ന് സംഗീത് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു അറിയിച്ചിരുന്നു.

എന്നാല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. അപ്പോഴേക്കും സംഗീതിനെ ഇടിച്ചിട്ട് മണ്ണ് മാഫിയ സംഘം രക്ഷപ്പെട്ടിരുന്നു. സംഗീത് ഒന്നിലധികം തവണ വിളിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സസ്പെന്റ് ചെയ്തത്.

സംഗീത് കൊല്ലപ്പെട്ട ദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്നും പൊലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമഭയില്‍ വ്യക്തമാക്കിയിരുന്നു.

പുരയിടത്തില്‍ അതിക്രമിച്ച് കയറിയുള്ള മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനാണ് സംഗീതിനെ മണ്ണുമാന്തി യന്ത്രവും ടിപ്പറും ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.