കല്യാണ പെണ്ണിന്റെ സാരി പോര ; കല്യാണം വേണ്ടാന്ന് വെച്ച് ചെക്കനും കൂട്ടരും

കല്യാണ ദിവസം നവവധുവിന്റെ സാരി പോരാ എന്ന് ചൂണ്ടിക്കാട്ടി കല്യാണം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. പ്രണയികളായിരുന്ന ഇരുവരുടെയും വിവാഹം ഇരുവീട്ടുകാരും ഇടപെട്ട് ഒരു വര്‍ഷം മുമ്പാണ് നിശ്ചയിച്ചത്.  വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് വധു ഉടുത്ത സാരി വിലകുറഞ്ഞതാണെന്നും മെറ്റീരിയല്‍ അത്ര നല്ലതല്ലെന്നും വരന്റെ അമ്മയ്ക്ക് തോന്നിയത്.

ഉടന്‍ തന്നെ ചടങ്ങുകള്‍ നിര്‍ത്തി വയ്ക്കാനും സാരി മാറ്റാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇഷ്ടപ്പെട്ട് എടുത്ത സാരിയാണ് എന്നും മാറ്റാന്‍ പറ്റില്ലെന്നും വധു അറിയിച്ചതോടെ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

സംഭവത്തില്‍ വരന്‍ രഘുകുമാറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതായി ഹാസന്‍ പൊലീസ് അറിയിച്ചു. വരന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ വരന്‍ നാടുവിട്ടതായി പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.