വിജയശതമാനം കുറയും ; കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കുന്നു

ആദിവാസി കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച ട്രൈബല്‍ സ്‌കൂളുകളില്‍ അവര്‍ക്ക് തന്നെ സീറ്റ് നിഷേധിക്കുന്നു എന്ന് വാര്‍ത്തകള്‍. ഇടുക്കി കട്ടപ്പന ട്രൈബല്‍ സ്‌കൂളിലാണ് സംഭവം. ജീവിത സാഹചര്യങ്ങളാല്‍ പാതിവഴിയില്‍ ഉപേക്ഷിയ്ക്കേണ്ടി വന്ന വിദ്യാഭ്യാസം പുനരാരംഭിക്കാനാണ് അഞ്ചുരുളി ആദിവാസിക്കുടിയിലെ വിദ്യാര്‍ത്ഥി അമ്മയോടൊപ്പം ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ കട്ടപ്പന ട്രൈബല്‍ സ്‌കൂളിലെത്തിയത്. പ്രവേശനം നല്‍കിയാല്‍ സ്‌കൂളിലെ പത്താംക്ലാസ് ഫലത്തെ ദോഷകരമായി ബാധിയ്ക്കുമെന്നായിരുന്നു പ്രവേശനം നിഷേധിച്ച് പ്രധാനാധ്യാപിക നല്‍കിയ വിശദീകരണം.

വിദ്യാര്‍ത്ഥിയുടെ അമ്മ കരഞ്ഞു പറഞ്ഞിട്ടും അധ്യാപികയുടെ മനസലിഞ്ഞില്ല. വീട്ടിലെ പട്ടിണിയും സ്‌കൂളിലേക്കുള്ള യാത്രാ ബുദ്ധിമുട്ടും മൂലമാണ് വിദ്യാര്‍ത്ഥിക്ക് പഠനം നിര്‍ത്തേണ്ടിവന്നത്. സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ ഒരു വര്‍ഷം കൂലിപ്പണിയ്ക്ക് പോയി. തിരിച്ചുവരവില്‍ പഠനം നിഷേധിച്ചതോടെ വീണ്ടും കൂലിപ്പണിയിലേക്ക് തന്നെ മടങ്ങി. ഇപ്പോഴും സ്‌കൂളില്‍ പോകണമെന്ന ആഗ്രഹമുണ്ടെന്ന് പ്രവേശനം നിഷേധിക്കപ്പെട്ട ബിനു പറയുന്നു.

കുടിയില്‍ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയതോടെ ഹോസ്റ്റലില്‍ തങ്ങി പഠിച്ചിരുന്ന ബിനുവിന്റെ ബന്ധുവായ രാജീവ് എന്ന വിദ്യാര്‍ത്ഥിയും പണിക്കന്‍കുടിസ്‌കൂളില്‍ നിന്നും ടി.സി വാങ്ങി കട്ടപ്പനയിലെത്തിയിരുന്നു. എന്നാല്‍ വിജയശതമാനം കുറയുമെന്ന് പറഞ്ഞ് രാജീവിനും സ്‌കൂളില്‍ പ്രവേശനം നല്‍കിയില്ല. കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയപ്പോള്‍ പ്രധാനാധ്യാപിക വീട്ടിലെത്തി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും കുടുംബം വ്യക്തമാക്കുന്നു.

പ്രവേശനം നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിയ്ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപികയ്ക്ക് തന്നോടുള്ള വിരോധമാണ് പരാതിയ്ക്ക് കാരണമെന്നാണ് ആരോപണം നേരിടുന്ന പ്രധാനാധ്യാപികയുടെ വിശദീകരണം. എന്നാല്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാനായി സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.