വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി കേജരിവാള്‍
ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. തങ്ങളുടെ പെണ്‍മക്കള്‍ക്കെതിരെ മോശമായി പെരുമാറിയവരോട് പൊറുക്കില്ലെന്നും അക്രമികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.
പെണ്‍ക്കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമണം സങ്കടകരവും നിരാശാജനകവുമാണ്. ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും പൊറുക്കില്ല. അക്രമികള്‍ക്ക് സാധ്യമായ കഠിനശിക്ഷ നല്‍കണം. കോളജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണ0. -കേജരിവാള്‍ പറഞ്ഞു.
ഫെബ്രുവരി ആറാം തീയതിയാണ് കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ പുറത്ത് നിന്നെത്തിയവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധവും തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമവും രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളേജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് കാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.