കൊറോണ : ചൈനയില്‍ മരണം 900 കടന്നു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. ചൈനയില്‍ മൊത്തം പുതുതായി 444 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 40,171 ആയി.

സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസം ഏഴുപേരില്‍ക്കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ് പറഞ്ഞു.

കൊറോണ ബാധയെതുടര്‍ന്നുണ്ടായ മരണങ്ങളില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ഏറെ ഭീതി വിതച്ച ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് നന്ദിയും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം കേരളത്തില്‍ കൊറോണ ഭയം കുറഞ്ഞു. പുതുതായി ആര്‍ക്കും കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ വൈറസ് കണ്ടെത്തിയവര്‍ എല്ലാം വേഗത്തില്‍ മുക്തി നേടുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.