മഹാരാഷ്ട്ര പിടിച്ചെടുക്കാന്‍ പുതിയ അടവുകളുമായി ബിജെപി

പല കുറി പരാജയപ്പെട്ടു എങ്കിലും മഹാരാഷ്രയില്‍ അധികാര മോഹം കൈവിടാതെ ബിജെപി വീണ്ടും രംഗത്ത്. ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴും എങ്ങനെയും തനിക്ക് മുഖ്യമന്ത്രിയാകണം എന്ന പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്.

ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലയെന്നും അവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരിച്ച് വന്നിരിക്കുമെന്നും ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഫഡ്‌നവിസ് ഇപ്രകാരം പറഞ്ഞത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും നേര്‍പാതയിലൂടെ സഞ്ചരിക്കണമെന്നും അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണെന്നും ആ അനുഗ്രഹം തേടാനാണ് ഞാനിവിടെ വന്നിരിക്കുന്നതെന്നും നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഒരു തിരിച്ചുവരവ് ഉറപ്പായും ഉണ്ടാകുമെന്നും ഫഡ്‌നവിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് സമയത്തും ശേഷവും അധികാരത്തിലേയ്ക്ക് തിരിച്ചെത്തുന്നതിനെപ്പറ്റി വളരെ ആത്മവിശ്വാസത്തോടെയാണ് ഫഡ്‌നവിസ് സൂചന നല്‍കിയിരുന്നത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ അടിച്ചുപിരിയുകയായിരുന്നു. ശേഷം ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് അധികാരത്തിലേറുകയും ചെയ്തു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ച ചാക്കിട്ടു പിടിത്തം ബിജെപി മഹാരാഷ്ട്രയില്‍ പയറ്റാന്‍ നോക്കി എങ്കിലും ചീറ്റിപ്പോവുകയായിരുന്നു. എന്നാല്‍ ഇപ്പോഴും അണിയറയില്‍ കരുനീക്കങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവാണ് ഫഡ്‌നവിസിന്റെ ഈ വാക്കുകള്‍.