കൊറോണ വൈറസ് ചൈനയില്‍ മരണസംഖ്യ ആയിരം കടന്നു

കൊറോണ തടയുന്നതില്‍ പൂര്‍ണ്ണമായും പാരാജയപ്പെട്ട നിലയില്‍ ചൈന. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇന്നലെ മാത്രം ചൈനയില്‍ വൈറസ് ബാധമൂലം മരിച്ചത് 103 പേര്‍ ആണ്. ഇതോടെ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആയിരം കടന്നു. എല്ലാ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുമാണ്. രോഗം വ്യാപിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ഒരുദിവസം മരിക്കുന്നത് ഇത് ആദ്യമായാണ്.

ഇതോടെ ആഗോളതലത്തില്‍ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം 1013 ആയി. ഇവരില്‍ രണ്ടെണ്ണം ഒഴിച്ചുള്ള എല്ലാ മരണങ്ങളും ചൈനയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 42,500 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 2097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ആകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31728 ആയി.

ഇതില്‍ 1298 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ചൈനയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയിട്ടുണ്ടെന്നാണ് സൂചന. ഏതാനും ഫാക്ടറികളും ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വുഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം തുടരുകയാണ്.