സംസ്ഥാന പൊലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് ; ചട്ടം ലംഘിച്ച് വാഹനങ്ങള്‍ വാങ്ങി ; പണം വകമാറ്റി
ഡിജിപി ലോക്നാഥ് ബഹ്റയ്ക്കെതിരേ അതീവ ഗുരുതര കണ്ടെത്തലുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ചട്ടം ലംഘിച്ച് വാഹനങ്ങള്‍ വാങ്ങി ; പണം വകമാറ്റി എന്നിങ്ങനെ ധാരാളം കുഴപ്പങ്ങളാണ് സിഎജി കണ്ടെത്തിയത്. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചു.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ചട്ടങ്ങളെല്ലാം ലംഘിച്ചാണ്. അതുപോലെ തിരുവനന്തപുരം സായുധ ക്യാംപിലെ പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകള്‍ കാണാനില്ല. 25 തോക്കുകള്‍ കാണാതായെന്നു റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും അത് എ.ആര്‍ ക്യാംപിലേക്കു നല്‍കിയതാണെന്നാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.
ജീവനക്കാര്‍ക്ക് ക്വാട്ടേര്‍സ് നിര്‍മിക്കാനുള്ള 2 കോടി 81 ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയതായും അപ്പര്‍ സബോര്‍ഡിനേറ്റ് ജീവനക്കാര്‍ക്കുള്ള തുക ഡിജിപിക്കും എഡിജിപിക്കും വില്ലകള്‍ നിര്‍മിക്കാനായി വകമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവലും സിവിസി നിര്‍ദേശങ്ങളും പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ, ക്രമക്കേട് മൂടിവയ്ക്കാന്‍ ശ്രമിച്ചു എന്ന കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, വിവിഐപികള്‍ക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങിയതിലും സ്റ്റേറ്റ് പൊലീസ് ചീഫ് നേരിട്ട് ഇടപെട്ടുവെന്നും ഇതില്‍ ക്രമക്കേട് നടന്നുവെന്നുമാണ് കണ്ടെത്തല്‍.
ഇതില്‍ ദര്‍ഘാസ് വിളിക്കാതെ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഇതുവഴി വാഹനങ്ങള്‍ തെരഞ്ഞെടുത്തു. ഇതിനു ശേഷം സംസ്ഥാന സര്‍ക്കാറിന്റെ അനുമതിതേടാതെ 33 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് അനുമതി ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.
ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന വിമര്‍ശനവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 9285 കേസുകളില്‍ തീര്‍പ്പായിട്ടില്ല. പോക്‌സോ കേസുകള്‍ ഉള്‍പ്പടെയാണിത്.