റിസള്‍ട്ട് വന്നു ; പാചകവാതക വില വര്‍ധിച്ചു

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രം. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോ സിലണ്ടറിന്റെ വിലയാണ് ഒറ്റയടിക്ക് 146 രൂപ 50 പൈസ വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് ഒരു സിലണ്ടറിന്റെ ഇപ്പോഴത്തെ വില .

പെട്രോള്‍, ഡീസല്‍ വില എല്ലാ ദിവസവും പുതുക്കുമെങ്കിലും പാചകവാതക വില എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ പുതുക്കിയിരുന്നത്. എന്നാല്‍, ഫെബ്രുവരി 1ന് പാചകവാതക വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിയമസഭതിരഞ്ഞെടുപ്പ് നടക്കുന്നതിനെതുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ദ്ധന നീട്ടിവെച്ചതെന്നാണ് സൂചന.

എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ പാചകവാതക വിലയും വര്‍ദ്ധിച്ചു. എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, സബ്സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് കൂട്ടിയ വില തിരികെ നല്‍കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു.