ജസ്ലിന്‍: ചെറിയ സൗഹൃദങ്ങളിലെ വലിയ സ്മരണ

ഓര്‍ഗന്‍ സംഗീതത്തിനിടയില്‍ ബൈബിളിലെ ഐസായ ദീര്‍ഘദര്‍ശിയുടെ പ്രവചനങ്ങളില്‍ നിന്നും, മരണത്തെപ്പറ്റിയുള്ള രവീന്ദ്രനാഥ് ടാഗോറിന്റെ കവിതകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്ധരണികളുടെ ഭക്തിപുരസ്സരമായ വായനയോടെയാണ് ജസ്ലിന്‍ ഓര്‍മ്മകളിലേയ്ക്ക് വിട വാങ്ങിയത്.

ജനുവരി 25ന് വിയന്നയില്‍ നിര്യാതനായ ജസ്ലിന്‍ ജോസഫ് പഞ്ഞിക്കാരന്റെ മൃതദേഹം വിയന്നയിലെ സെന്‍ട്രല്‍ സെമിത്തേരിയോട് അനുബന്ധിച്ചുള്ള ശ്മശാനഹാളില്‍ ഫെബ്രുവരി 12ന് നടന്ന ഹൃസ്വ വിടവാങ്ങല്‍ ചടങ്ങിന് ശേഷം സംസ്‌കാര നടപടികള്‍ക്കായി ശ്മശാനാധികൃതര്‍ക്കു വിട്ടുകൊടുത്തു. അടുത്ത സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും ആശിര്‍വ്വാദത്തോടെയാണ് ജസ്ലിന്‍ തന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കിയത്.

ജസ്ലിന്‍ മരണത്തിനു തൊട്ടുമുമ്പ് നാട്ടില്‍ പോയിരുന്നു. മാതാപിതാക്കളുടെയും ഏറെ സ്‌നേഹിച്ചവരുടെയും അടുത്ത് ചിലവഴിച്ച അസുലഭ നിമിഷങ്ങളെപ്പറ്റിയും ഓസ്ട്രിയയിലെ അവിസ്മരണീയമായ ജീവിതത്തെപ്പറ്റിയും ദീര്‍ഘകാല സുഹൃത്തായ സാബു പള്ളിപ്പാട്ടിനോട് ജസ്ലിന്‍ പറഞ്ഞിരുന്നു. അദ്ദേഹം പങ്കുവച്ച അനുഭവങ്ങള്‍ സാബു വിവരിച്ചത് ഏറെ നൊമ്പരത്തോടെയാണ് ഏവരും കേട്ടുനിന്നത്. കൊച്ചു ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഓര്‍മകള്‍ ഒരിക്കലും മനസ്സില്‍ നിന്ന് മായില്ലെന്നു അദ്ദേഹം പറഞ്ഞു.

ജസ്ലിന്‍ സമ്മാനിച്ച ഓര്‍മ്മകള്‍ അദ്ദേഹത്തെ സ്‌നേഹിച്ച ഏവരും എന്ന് ഓര്‍ക്കണമെന്നും, അദ്ദേഹത്തിന് സ്വര്‍ഗം നല്‍കാന്‍ അടുപ്പക്കാര്‍ക്കാണ് സാധിക്കുകയുള്ളൂ എന്നും, ആ സ്വര്‍ഗം മറ്റെങ്ങുമല്ല, അദ്ദേഹത്തെ സ്‌നേഹിച്ച പ്രിയപ്പെട്ടവരുടെ ഹൃദയത്തില്‍ തന്നെ ആയിരിക്കുമെന്നും ജസ്ലിന്റെ ചിറ്റപ്പനായ വര്‍ഗീസ് പഞ്ഞിക്കാരന്‍ അനുസ്മരിപ്പിച്ചു.

മരണത്തോടുള്ള ജീസസ് ക്രൈസ്റ്റിന്റെ സമീപനം ഉദ്ധരിച്ചുകൊണ്ട് ജസ്ലിന്‍ ജീവിക്കുന്നു എന്ന് തന്നെ സിബി ജോസഫ് സമര്‍ത്ഥിച്ചു. കൂടാതെ അദ്ദേഹം ജെസ്ലിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും എല്ലാവരെയും ജസ്ലിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കണെമെന്നും ആഹ്വാനം ചെയ്തു.

ജസ്ലിന്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള സംസ്‌ക്കാര ചടങ്ങുകളാണ് പ്രിയപ്പെട്ടവര്‍ അദ്ദേഹത്തിനുവേണ്ടി ഒരുക്കിയത്. പ്രിയപ്പെട്ടവരുടെ വൈകാരികതയുടെ ചൂടേറ്റു അവരുടെയൊക്കെ മനസുകളില്‍ തന്നെ ജസ്ലിന് അന്ത്യവിശ്രമത്തിനുള്ള, നിത്യശാന്തിക്കുള്ള ഒരിടം ലഭിക്കട്ടെ.

സ്നേഹപൂര്‍വ്വം
ജസ്ലിന്റെ സുഹൃത്തുക്കള്‍