അശ്ലീല വീഡിയോകള്‍ക്ക് പൂട്ടിടാന്‍ വാട്‌സാപ്പും ഫേസ്ബുക്കും ഗൂഗിളും തയ്യാറാകണം എന്ന് കോടതി
സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഗൂഗിള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവര്‍ നടപടി സ്വീകരിക്കണമെന്നു കോടതി. സര്‍ക്കാര്‍ ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്നും സുപ്രീംകോടതി ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. പ്രജ്വല എന്ന ഹൈദരാബാദ് ആസ്ഥാനമായ എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.സമൂഹമാധ്യമങ്ങളില്‍ ഇത്തരം അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് തടയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്.
ഉടന്‍ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടക്കത്തില്‍ തന്നെ ഉള്ളടക്കം തടയാന്‍ കഴിയുമെന്ന് എന്‍ജിഒക്ക് വേണ്ടി ഹാജരായ അപര്‍ണ ഭട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, നടപടിയെടുക്കാന്‍ ഇത്തരം കണ്ടന്റുകള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഇന്റര്‍നെറ്റ് കമ്പനികള്‍ പറയുന്നു.
നടപടിയെടുക്കാന്‍ വൈകുന്നത് ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നതിന് വഴിവെക്കുമെന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോക്‌സോ നിയമത്തിന് കീഴില്‍ വരുമെന്നും അപര്‍ണ ഭട്ട് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിനായി നിയോഗിച്ച അമിക്കസ് ക്യൂറി എന്‍എസ് നാപ്പിനായ് ഇത്തരം ദൃശ്യങ്ങള്‍ കണ്ടെത്തി നീക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. 2015ല്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ നടപടികളിലേക്ക് കടന്നത്.