പാലാരിവട്ടം പാലം ; വികെ ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടിസ്
വിവാദമായ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടിസ്. ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ്സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. അതോടെയാണ് സഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടിസ് നല്‍കിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇബ്രാഹിംകുഞ്ഞിനെതിരെ പരമാവധി തെളിവുകള്‍ അന്വേഷണ സംഘം സമാഹരിച്ചിട്ടുണ്ട്.
മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകള്‍ അഴിമതിക്ക് തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചെല്ലാം ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന് വിശദീകരിക്കേണ്ടി വരും. തൃപ്തികരമായ മറുപടി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞില്ലെങ്കില്‍ പ്രതി ചേര്‍ക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തില്‍ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തീരുമാനമെടുക്കുക.
കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലന്‍സ് പൂര്‍ത്തിയാക്കി. പൊതുമരാമത്ത് മന്ത്രിയായിരിക്കെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. ചട്ടം ലംഘിച്ച് തുക മുന്‍കൂര്‍ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു.