ട്രംബിന്റെ ഇന്ത്യാ സന്ദര്‍ശനം ചേരികള്‍ മറയ്ക്കാന്‍ ഗുജറാത്തില്‍ വന്മതില്‍ ഉയരുന്നു

വിശിഷ്ട വ്യക്തികളും രാഷ്ട്ര തലവന്മാരും സന്ദര്‍ശനത്തിനു വരുന്ന സമയം റോഡുകളും മറ്റും നവീകരിക്കുന്നത് സര്‍വ്വസാധാരണമായ ഒന്നാണ്. എന്നാല്‍ വരുന്നവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്നത് ആദ്യ സംഭവം ആകും. ഗുജറത്തില്‍ ആണ് കോടികള്‍ ചിലവിട്ട് വന്മതില്‍ ഉയരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അഹമദാബാദിലെ ചേരികള്‍ക്ക് മുന്നിലാണ് മതില്‍ വരുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള വഴിയരികിലെ ചേരികള്‍ മറയ്ക്കാനായുള്ള മതിലിന്റെ നിര്‍മാണം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ഞൂറോളം കുടിലുകളെയാണ് മതില്‍ കെട്ടി മറക്കാനൊരുങ്ങുന്നത്. ഏതാണ്ട് 2500ഓളം ആളുകള്‍ ഈ വീടുകളില്‍ താമസിക്കുന്നുണ്ട്. ചേരി പ്രദേശം മറച്ചുകൊണ്ട് അര കിലോമീറ്ററോളം ദൂരത്തിലുള്ള മതിലിന്റെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 6-7 അടി ഉയരത്തിലുള്ളതാണ് മതില്‍. അഹമദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മതിലിനൊപ്പം വഴിയരികില്‍ ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമൊദിക്കൊപ്പം ട്രംപിന്റെ റോഡ് ഷോ കടന്നു പോകുന്ന പാതയാണിത്. വര്‍ഷങ്ങളായി നവീകരിക്കാതെ കിടക്കുന്ന 16 റോഡുകള്‍ ടാറിട്ട് മെച്ചപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. പാതയോരത്ത് വഴിവിളക്കുകള്‍ പിടിപ്പിക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മോടി പിടിപ്പിക്കലിലെല്ലാം കൂടി 50 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍.

ഈ മാസം 24നാണ് ട്രംപ് ഇന്ത്യയില്‍ എത്തുക. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നേരത്തെ നയതന്ത്ര ചര്‍ച്ചകള്‍ നടത്തി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ റിപബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥിയായി ഇന്ത്യ ട്രംപിനെ ക്ഷണിച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ട്രംപ് ക്ഷണം നിരസിക്കുകയായിരുന്നു.